02:22pm 23 August 2026
NEWS
മംഗളൂരു ഇനി പാലക്കാട് ഡിവിഷന് കീഴിലില്ല; പിന്നിൽ ബിജെപി നേതാക്കളുടെ സമ്മർദ്ദം
22/08/2026  11:42 AM IST
nila
മംഗളൂരു ഇനി പാലക്കാട് ഡിവിഷന് കീഴിലില്ല; പിന്നിൽ ബിജെപി നേതാക്കളുടെ സമ്മർദ്ദം

കൊച്ചി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ ഒഴിവാക്കി മൈസൂരു ഡിവിഷന് കീഴിലാക്കിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാകുന്നു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നീക്കത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് കർണാടകയിലെ ബിജെപി നേതാക്കൾ രംഗത്തെത്തി. എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ തങ്ങളുടെ ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്നാണ് അവകാശപ്പെടുന്നത്.

കർണാടകയിൽ നിന്നുള്ള കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയും തീരുമാനത്തിൽ തന്റെ ഇടപെടലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. മംഗളൂരു, ഉള്ളാൾ ഉൾപ്പെടെയുള്ള തീരദേശ മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നുവെന്നും ഇത് നടപ്പാക്കാൻ വിവിധ തലങ്ങളിൽ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2024 ജൂലൈയിൽ മംഗളൂരു സന്ദർശിച്ചപ്പോൾ പ്രദേശവാസികൾ ഈ ആവശ്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് സതേൺ റെയിൽവേയുടെയും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ജനറൽ മാനേജർമാരുമായും കൊങ്കൺ റെയിൽവേ ചെയർമാൻ-മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തിയതായും സോമണ്ണ വ്യക്തമാക്കി. മംഗളൂരുവിന്റെ റെയിൽവേ ശൃംഖലയെ ഒരൊറ്റ ഭരണപരിധിക്ക് കീഴിലാക്കുന്നത് മേഖലയിലെ വ്യാപാര-വാണിജ്യ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ തന്നെ ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, ശിവമോഗ മണ്ഡലങ്ങളിലെ എംപിമാർ മംഗളൂരു മേഖല മൈസൂരു ഡിവിഷന് കീഴിലാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽ വിഷയം പലതവണ കൊണ്ടുവരികയും പാർലമെന്ററി വേദികളിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.

മംഗളൂരു റെയിൽവേ മേഖലയെ പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിനെ ഉഡുപ്പി ജില്ലാ ബിജെപിയും സ്വാഗതം ചെയ്തു. തീരദേശ കർണാടകയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമായെന്നാണ് ബിജെപിയുടെ പ്രതികരണം.

പാലക്കാട് ഡിവിഷന്റെ ഭാവിയെക്കുറിച്ച് ആശങ്ക

അതേസമയം, മംഗളൂരു നഷ്ടപ്പെടുന്നത് പാലക്കാട് ഡിവിഷന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്. 2006ൽ സേലം ഡിവിഷൻ രൂപീകരിച്ചതോടെ വലിയൊരു ഭാഗം നഷ്ടപ്പെട്ട പാലക്കാട് ഡിവിഷന് ഇപ്പോൾ മംഗളൂരുവും നഷ്ടമാകുകയാണ്. ഇതോടെ ഡിവിഷന്റെ പ്രവർത്തനപരമായ പ്രാധാന്യം തന്നെ കുറയുമെന്ന ആശങ്ക റെയിൽവേ ജീവനക്കാരിലും ഉയർന്നിട്ടുണ്ട്.

മംഗളൂരു മേഖലയെ ഒഴിവാക്കിയാലും 18 കിലോമീറ്റർ റെയിൽപാത മാത്രമാണ് പാലക്കാട് ഡിവിഷന് നഷ്ടമാകുന്നതെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ സേലം ഡിവിഷൻ രൂപീകരണ സമയത്തും സമാനമായ വാദങ്ങൾ ഉയർന്നിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പോത്തനൂർ ഈസ്റ്റ് മുതൽ പാലക്കാട് വരെ 49 കിലോമീറ്ററും പാലക്കാട് മുതൽ പുതിയ അതിർത്തിയായ ഉള്ളാൾ വരെ 351 കിലോമീറ്ററും പാലക്കാട്-പൊള്ളാച്ചി പാതയിലെ 58 കിലോമീറ്ററും ഷൊർണൂർ-നിലമ്പൂർ പാതയിലെ 66 കിലോമീറ്ററും ഉൾപ്പെടെ കണക്കാക്കിയാൽ പാലക്കാട് ഡിവിഷന്റെ ആകെ റൂട്ട് കിലോമീറ്റർ 582.7 ആയി ചുരുങ്ങും.

കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. പാലക്കാട് ഡിവിഷന്റെ വിസ്തൃതി വീണ്ടും ചുരുങ്ങുന്നതോടെ വികസന പദ്ധതികൾക്ക് ലഭിക്കുന്ന വിഹിതത്തിലും കുറവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്. മംഗളൂരു കൈവിട്ടതോടെ പാലക്കാട് ഡിവിഷൻ ഭാവിയിൽ പേരിനുമാത്രമുള്ള ഡിവിഷനായി മാറുമോ എന്ന ചോദ്യവും ഉയരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img